ടോക്കിയോ: ഏഴുവയസുകാരനായ മകനെ കനത്ത മഴയിലും മൂടൽമഞ്ഞിലും തനിച്ചാക്കി പിതാവ് മലകയറ്റം തുടർന്നു. ജപ്പാനിലെ ഏറ്റവും ഉയർന്ന പർവതമായ മൗണ്ട് ഫുജിയിലാണ് സംഭവം. തളർച്ച തോന്നിയതിനെത്തുടർന്ന് മുന്നോട്ടുപോകാൻ ബുദ്ധിമുട്ടിയ കുട്ടിയോട് ഒരിടത്ത് ഇരിക്കാൻ ആവശ്യപ്പെട്ടശേഷം 48കാരനായ പിതാവ് മൂത്തമകനുമായി മലകയറ്റം തുടരുകയായിരുന്നു.
സമുദ്രനിരപ്പിൽനിന്ന് 2,000 മീറ്ററിലധികം ഉയരത്തിലുള്ള ആറാം സ്റ്റേഷനു സമീപമുള്ള ബെഞ്ചിൽ ഒരു കൂൾ ഡ്രിങ്ക്സും ലഘുഭക്ഷണവുമായി ഇരുന്ന് കരയുകയായിരുന്ന കുട്ടിയെ പർവതത്തിലെ റെസ്റ്റ് ഹൗസ് ജീവനക്കാരാണു കണ്ടത്തിയത്. ഉടൻതന്നെ ഇവർ പോലീസിൽ വിവരമറിയിച്ചു. തുടർന്നു നടത്തിയ തെരച്ചിലിൽ ഏകദേശം മൂന്ന് മണിക്കൂർ യാത്രാദൂരമുള്ള എട്ടാം സ്റ്റേഷനിൽനിന്നാണ് പിതാവിനെ പോലീസ് കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ 7.30 ഓടെയാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നീട് പോലീസ് പിതാവിനെ താഴെയെത്തിച്ച് ശാസിക്കുകയും ചെയ്തു. സംഭവത്തിൽ പിതാവ് പോലീസിനോട് മാപ്പ് അപേക്ഷിച്ചു.
അപകടം തുടർക്കഥ
ജപ്പാനിലെ ഏറ്റവും ഉയർന്ന പർവതമായ മൗണ്ട് ഫുജിയിൽ സമീപകാലത്ത് അപകടങ്ങൾ വർധിക്കുന്നുണ്ട്. 3,776 മീറ്റർ ഉയരമുള്ള ഈ സജീവ അഗ്നിപർവതത്തിൽ സാഹസിക മലകയറ്റത്തിന് എത്തുന്ന വിനോദസഞ്ചാരികൾ വൻ സുരക്ഷാഭീഷണിയാണ് നേരിടുന്നത്.
കഴിഞ്ഞ ജൂലൈയിൽ മലകയറ്റത്തിനിടെ വീണു പരിക്കേറ്റ 99 വയസുള്ള വയോധികയെ രക്ഷാസേന അതീവ ഗുരുതരാവസ്ഥയിലാണു താഴെയെത്തിച്ചത്. കൂടാതെ, കഴിഞ്ഞ വർഷം നിരോധിത സീസണിൽ മലകയറിയ 27കാരനായ കോളജ് വിദ്യാർഥിയെ നാലുദിവസത്തിനിടെ രണ്ടു തവണയാണ് രക്ഷപ്പെടുത്തേണ്ടിവന്നത്. ഫോൺ നഷ്‌ടപ്പെട്ടതിനെത്തുടർന്ന് അത് തിരഞ്ഞുപോയതായിരുന്നു വിദ്യാർഥിക്കു വിനയായത്.
ടോക്കിയോയ്ക്ക് തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മൗണ്ട് ഫുജിക്ക് 2013ലാണ് യുനെസ്കോ ലോക പൈതൃക പദവി നൽകിയത്. മൗണ്ട് ടാറ്റെ, മൗണ്ട് ഹാകു എന്നിവയ്ക്കൊപ്പം ജപ്പാനിലെ മൂന്ന് പുണ്യപർവതങ്ങളിൽ ഒന്നായാണ് ഇത് അറിയപ്പെടുന്നത്. പ്രതിവർഷം രണ്ടര ലക്ഷത്തോളം ആളുകൾ ഇവിടെ എത്താറുണ്ടെങ്കിലും തിരക്ക് നിയന്ത്രിക്കുന്നതിനായി നിലവിൽ പ്രവേശനത്തിന് പ്രതിദിന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.